Date : September 30 2009
ക്രിസ്‌തുവചനത്തിന് സാക്ഷ്യമായി വൃക്കദാനത്തിന് വൈദികന്‍
മാതൃഭൂമി September 30 2009
കൊച്ചി: ലൂക്കോസിന്റെ സുവിശേഷം മൂന്നാം അധ്യായം 11-ാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു: ‘രണ്ടുള്ളവന്‍ ഒന്നില്ലാത്തവന് നല്‍കട്ടെ’. ഈ ക്രിസ്‌തുവാക്യത്തെ അക്ഷരാര്‍ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള വെമ്പലിലാണ് ഫാ. ഡേവിസ് ചിറമേല്‍. അദ്ദേഹം നല്‍കുന്നത് തന്റെ രണ്ട് വൃക്കകളിലൊന്നാണ്. കുരിശില്‍ സ്വജീവന്‍ ബലി നല്‍കിയ യേശുനാഥനാണ് പ്രചോദനം. വൃക്കദാനത്തില്‍ മതവും ധനവും പരിഗണിക്കുന്നില്ല.
ബുധനാഴ്‌ച എറണാകുളം ലേക്‌ഷോര്‍ ആസ്‌പത്രിയില്‍ തൃശ്ശൂര്‍ വാടാനപ്പിള്ളി സ്വദേശി ഗോപിനാഥന് വൃക്ക വച്ചുപിടിപ്പിക്കും. അതിനുള്ള നടപടിക്രമങ്ങളെല്ലാം ചൊവ്വാഴ്‌ച പൂര്‍ത്തിയായി.
വാടാനപ്പിള്ളി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ആര്‍.സി. പള്ളി വികാരിയാണ് ഫാ. ഡേവിസ്. പള്ളിക്ക് സമീപമാണ് ഗോപിനാഥന്റെ വീട്. ഒന്നര വര്‍ഷമായി ഇദ്ദേഹം വൃക്ക തകരാറിലായതിനാല്‍ ചികിത്സയിലായിരുന്നു. ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതോടെ വൃക്ക മാറ്റിവയ്‌ക്കല്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇലക്‌ട്രീഷ്യനായ ഗോപിക്ക് ശസ്‌ത്രക്രിയയ്‌ക്കുള്ള പണം കണ്ടെത്താന്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ചികിത്സാ കമ്മിറ്റി രൂപവത്‌കരിച്ചു. ഫാ. ഡേവിസായിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. ബന്ധുക്കളുടെ വൃക്ക ചേര്‍ന്നില്ല. പിന്നെ, വൃക്ക അന്വേഷിച്ച് കോയമ്പത്തൂര്‍ പോകണമെന്ന ഘട്ടമെത്തി. അപ്പോളാണ് സ്വന്തം വൃക്കകള്‍ ദാനം ചെയ്യാം എന്ന ആശയം പെട്ടെന്ന് മനസ്സില്‍ തോന്നിയതെന്ന് ഫാ. ഡേവിസ് പറയുന്നു. സാഹചര്യമനുസരിച്ച് തീരുമാനമെടുത്തു. ‘ദൈവവചനം പ്രസംഗിച്ചാല്‍ മാത്രം പോര, അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ മാത്രമാണ് വചനം ജീവന്‍ വയ്‌ക്കുന്നത്. അതുപോലെ തന്നെയാണ് അവയവദാനവും’ – ചെറുപുഞ്ചിരിയോടെ ഫാ. ഡേവിസ് പറഞ്ഞു. 15-ാം വയസ്സില്‍ വൈദികനാകാന്‍ ഇതില്‍കൂടുതല്‍ ചിന്തിച്ചു. എന്നാല്‍, ഈ തീരുമാനം പെട്ടെന്നായിരുന്നു. അവയവ വ്യാപാരം ഇല്ലാതാക്കാനാകും. നിര്‍ധനരായ വൃക്കരോഗികള്‍ക്കു വേണ്ടി ഫാ. ഡേവിസിന്റെ നേതൃത്വത്തില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയ്‌ക്ക് രൂപം നല്‍കിയിട്ടുണ്ട്.
തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന ഗോപി ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട് അഞ്ചുമാസം മുമ്പാണ് ലേക്‌ഷോറില്‍ എത്തിയത്. വൃക്കമാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയാ വിദഗ്‌ദ്ധന്‍ ഡോ. ജോര്‍ജ് പി. എബ്രഹാമിന്റെയും സീനിയര്‍ നെഫ്രോളജി കണ്‍സള്‍ട്ടന്റ് ഡോ. അബി എബ്രഹാമിന്റെയും നേതൃത്വത്തിലാണ് ലേക്‌ഷോറില്‍ ചികിത്സ.
ബീബാ ബോബന്‍







September 30, 2009 at 5:12 am
മനുഷ്യർക്കു വഴിക്കാട്ടിയായവർ, മനുഷ്യർക്കു വേണ്ടി ജീവിച്ചവർ, കാലങ്ങൾക്കു ശേഷവും മനുഷ്യമനസ്സിൽ നിറഞ്ഞുനിൽക്കുന്നവർ…പഴകഥകളിൽ മാത്രമെന്ന് വിശ്വസിച്ചിരിന്നു….. പക്ഷെ
അവർ എല്ലാ കാലത്തും ജീവിച്ചിരിക്കുന്നു… എന്നതിന്റെ തെളിവ്.
ഹൃദയം നിറഞ്ഞ ആശംസകൾ…അഭിനന്ദനങ്ങൾ.